gnn24x7

21 വിമാനങ്ങളിലായി 3420 പേര്‍ കൂടി ഇന്ന് നെടുമ്പാശ്ശേരിയിലെത്തും

0
216
gnn24x7

കൊച്ചി: 21 വിമാനങ്ങളിലായി 3420 പേര്‍ കൂടി ഇന്ന് നെടുമ്പാശ്ശേരിയിലെത്തും. ലണ്ടനില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനവും, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നുള്ള പ്രവാസികളുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനവും ഇന്ന് എത്തുന്നവയിൽ ഉള്‍പ്പെടുന്നു. കൂടാതെ അബുദാബി, സലാല, ഷാര്‍ജ, ദോഹ, ദുബൈ, റാസല്‍ഖൈമ, ദമാം, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ന് വിമാനങ്ങള്‍ എത്തുന്നത്.

21 വിമാനങ്ങളിലായി 4060 പ്രവാസികളാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയതും ഇന്നലെയാണ്.

ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും മസ്ക്കറ്റില്‍ നിന്നുള്ള സലാം എയര്‍ വിമാനവും റദ്ദാക്കി.

ഓസ്ട്രേലിയയിലെ സിഡ്നി, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, മസ്ക്കറ്റ്, ദുബൈ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, കുവൈറ്റ് എയര്‍വെയ്സ്, ഗോഎയര്‍, ഫ്ലൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ വിമാന കമ്പനികളുടെ വിമാനങ്ങളാണ് പ്രവാസികളുമായി എത്തിയത്.

കുവൈറ്റില്‍ നിന്നും കുവൈറ്റ് എയര്‍വെയ്സ് വിമാനത്തില്‍ എത്തിയ 331 പേരില്‍ 160 പേര്‍ വിദ്യാര്‍ഥികളായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തി വന്നവരാണ് ഇവര്‍.ആഭ്യന്തര ടെര്‍മിനലില്‍ ഇന്നലെ 22 വിമാന സര്‍വീസുകളിലായി 1040 പേര്‍ യാത്ര ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here