തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക് പോസ്‌റ്റുകൾ വഴിയാണ് ഇവരെ കടത്തിവിട്ടത്. കേരളത്തിലെത്താൻ 1,80,540 പേരാണ് ഇതുവരെ നോർക്കയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ 25,410 പേർക്ക് പാസ് നൽകി. ഇവർ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും.
തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്‌റ്റ് വഴി 215 പേർ കേരളത്തിൽ എത്തി. ഇതിൽ കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ നിന്നുള്ളവരുണ്ട്. 2574 പേരാണ് വാളയാര്‍ അതിര്‍ത്തി കടന്നത്. 1865 പുരുഷന്മാരും 488 സ്ത്രീകളും 206 കുട്ടികളുമാണ് വന്നത്. 1,063 വാഹനങ്ങളും കടത്തിവിട്ടു. കുമളി വഴി തമിഴ്നാട്ടിൽനിന്ന് ചൊവ്വാഴ്‌ച 259 പേർ എത്തി. തിങ്കളാഴ്ച 29 പേർ എത്തിയിരുന്നു.മഞ്ചേശ്വരം ചെക്‌പോസ്‌റ്റിലൂടെ രണ്ടുദിവസമായി 771 പേർ വന്നു. 1352 അപേക്ഷ ലഭിച്ചതിൽ 781 പാസ് അനുവദിച്ചു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്‌റ്റിലൂടെ 59 വാഹനങ്ങളിലായി 126 പേർ എത്തി. ഇവരെ വീടുകളിൽ ക്വാറന്റൈനിലാക്കി. 357 പേർക്കാണ് പാസ് നൽകിയിരുന്നത്. വരുംദിവസങ്ങളിലേക്കായി 679 പേർക്ക് പാസ് അനുവദിച്ചിട്ടുണ്ട്.
വയനാട് മുത്തങ്ങ ചെക്ക്‌പോസ്‌റ്റിലൂടെ 119 വാഹനങ്ങളിലായി ചൊവ്വാഴ്‌ച എത്തിയത് 275 പേരാണ്. തിങ്കളാഴ്ച 127 പേർ എത്തിയിരുന്നു. ഇതോടെ മുത്തങ്ങ വഴി എത്തിയവർ 402 ആയി.
യാത്രാനുമതിക്ക് അപേക്ഷിക്കേണ്ട ലിങ്കുകൾ
കർണാടക: https://sevasindhu.karnataka.gov.in/sevasindhu/English.
തമിഴ്‌നാട്: https://tnepass.tnega.org.
ആന്ധ്രാപ്രദേശ്: www.spandana.ap.gov.in.
തെലങ്കാന: dgphelpline-coron@tspolicegov.in.
ഗോവ: www.goaonline.gov.in( helpdesk no 08322419550
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിക്ക് ഇനി കോവിഡ് ജാഗ്രതാ പോർട്ടലിൽമാത്രം അപേക്ഷിച്ചാൽ മതി. രജിസ്‌ട്രേഷൻ നടപടി ലളിതവും സുഗമവുമാക്കാനാണ് നോർക്ക രജിസ്‌ട്രേഷൻ ഒഴിവാക്കിയത്. നോർക്കയിൽ മടക്കയാത്രാ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in ൽ അപേക്ഷിക്കാം.
രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ ലഭിച്ച നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ട്രാവൽ പാസിനായും അപേക്ഷിക്കണം. മൊബെൽ നമ്പർ, വാഹനനമ്പർ, ചെക്ക് പോസ്റ്റ്, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരെയോ ഉൾപ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി വിവരങ്ങളും നൽകണം.കലക്ടർമാർ അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇ മെയിൽ വഴി പാസ് ലഭ്യമാക്കും. അനുമതി ലഭിച്ചവർക്ക് നിർദിഷ്ട ദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വരാം.
അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10 ഉം ബസിൽ 25ഉം പേർക്ക് യാത്ര ചെയ്യാം. ചെക്ക് പോസ്റ്റുവരെ വാടകവാഹനത്തിൽ വരുന്നവർ സംസ്ഥാനത്ത് യാത്ര ചെയ്യാൻ സ്വയം വാഹനം ക്രമീകരിക്കണം. ഈ വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.ഡ്രൈവർ യാത്രയ്‌ക്കുശേഷം ഹോം ക്വാറന്റൈനിൽ പോകണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള മടക്കയാത്രാ പാസ് കലക്ടർമാർ വഴി ലഭ്യമാക്കും.
ചെക്ക് പോസ്റ്റിൽ വൈദ്യപരിശോധന നടത്തണം. എല്ലാ യാത്രക്കാരും കോവിഡ്–-19 ജാഗ്രതാ മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രയ്‌ക്കും തിരിച്ചുവരാനുമുള്ള പാസുകൾക്ക് യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് പാസ് നൽകേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിത ബുദ്ധിമുട്ടുണ്ടായാൽ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടറിയറ്റിലെ വാർ റൂമുമായോ (ഫോൺ: 0471 2781100, 2781101) ബന്ധപ്പെടാം.
www.covid19jagratha.kerala.nic.in










































