കോഴിക്കോട്: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് 14 വന്യജീവി സങ്കേതങ്ങളിലെയും നാല് ദേശീയോദ്യാനങ്ങളിലെയും ബഫര്‍ സോണിലെ 165 പാറമടകളാണ് അടച്ചുപൂട്ടുന്നത്.
വനാതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ വായുദൂരത്തിലെ പാറമടകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ക്വാറി ഉടമകള്‍ രംഗത്ത് വന്നിട്ടുണ്ട്. പരിസ്ഥിതി സചേതന മേഖലയുടെ പ്രഖ്യാപനം വരുന്നത് വരെ പത്ത് കിലോമീറ്റര്‍ വായുദൂരം സംരക്ഷിതമേഖലയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. പരിസ്ഥിതി സചേതന മേഖലാ പ്രഖ്യാപനം വരുന്നത് വരെ വന്യജീവി സങ്കേതങ്ങളിലെ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ പരിധി സംരക്ഷിതമേഖലയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. ഇതോടെയാണ് പത്ത് കിലോമീറ്റര്‍ വിസ്തൃതിയില്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ നടപടി തുടങ്ങിയത്.
സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ചയാണ് പാറമടകള്‍ക്ക് തിരിച്ചടിയായതെന്ന് ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാബു പറഞ്ഞു. പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ പരിമിതിപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമെങ്കിലും വനംവകുപ്പിന് ഇതിനോട് യോജിപ്പില്ലയെന്നതാണ് വസ്തുത.