തിരുവനന്തപുരം: ഒടുവിൽ സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴും ബാറുകൾ അടയ്ക്കാത്തതിനെതിരെ പലഭാഗങ്ങളിലും നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിയന്ത്രണങ്ങളേർപ്പെടുത്തും. ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിൽ ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതല യോഗവും നടന്നിരുന്നു. ഇതിനു ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.
എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ജില്ലകളിൽ മാത്രമാണോ അതോ സംസ്ഥാനം മുഴുവനുമുള്ള ബാറുകൾ അടച്ചിടുമോ എന്ന കാര്യത്തിലും സംശയംഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഉച്ചയോടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷമേ വരുത്താൻ കഴിയു.