gnn24x7

ബെവ് ക്യൂ ആപ്പ്; വ്യാപകമായി പരാതികള്‍ വന്നതോടെ പ്രതികരിക്കാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍

0
271
gnn24x7

കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണത്തിനായി തയാറാക്കിയ ബെവ് ക്യൂ ആപ്പില്‍ വ്യാപകമായി പരാതികള്‍ വന്നതോടെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍.

ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് ഇന്നെത്തിയതെന്നും കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മലയാള മനോരമ ചെയ്യുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുണ്ടെന്നാണ് ഓഫിസ് തുറന്നു പുറത്തു വന്ന ഒരാള്‍ പ്രതികരിച്ചത്. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. മാത്രമല്ല ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയര്‍കോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

ആപ്പില്‍ വ്യാപകമായ സാങ്കേതിക തകരാറുകള്‍ നേരിട്ടതോടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജിള്‍ അടക്കമാണ് പലരും തെറിവിളികളുമായി എത്തുന്നത്.

ബെവ് ക്യൂ ആപ്പിനായി തിരയുമ്പോള്‍ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗണ്‍ലോഡ് ചെയ്ത് 4 വാഴ വെച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ചിലര്‍ ചോദിക്കുന്നു.

30 ലക്ഷം പേര് ഒരുമിച്ച് ബുക്ക് ചെയ്താലും ഹാങ്ങ് ആവില്ല എന്ന് പറഞ്ഞിട്ട്, ഇപ്പൊ ബുക്കിങ് ടൈം വെച്ചിരിക്കുകയാണെന്നും ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ലേല്‍ ഇട്ടേച്ചു പോടെയ് എന്നുമാണ് മറ്റു ചിലരുടെ കമന്റ്.

അറിയാവുന്ന വല്ല പണിക്കും പൊയ്ക്കൂടേയെന്നും ബിടെക് ഫസ്റ്റ് ഇയര്‍ വന്നിരിക്കുന്നവരെ വിളിച്ചിരുത്തിയാല്‍ അവന്മാര്‍ ഇതിലും നന്നായി ചെയ്യില്ലേയെന്നുമാണ് മറ്റു ചിലരുടെ ചോദ്യം.

കമന്റ് വരുന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത ഫെയര്‍കോഡ് പേജിന്റെ നടപടിയേയും ചിലര്‍ പരിഹസിക്കുന്നുണ്ട്. ‘കമന്റ് വരുന്ന പോസ്റ്റുകള്‍ എല്ലാം ഡിലീറ്റാന്‍ തുടങ്ങി അല്ലേ.. ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നാണ് ‘ഒരാളുടെ കമന്റ്.

അതേസമയം ബെവ് ക്യൂ ആപ്പിന്റെ ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‌ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here