കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും വളര്‍ത്തു പക്ഷികളെ ഉള്‍പ്പെടെ പിടികൂടി നശിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചിതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്.
കൊന്ന ശേഷം സുരക്ഷാ മുന്‍ കരുതലോടെ കവറിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. ഇവയെ മാര്‍ക്കറ്റിലെത്തിച്ച് കത്തിച്ച ശേഷം ചാരം കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.
കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍. എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പക്ഷികളെ കത്തിച്ച് ചാരം സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ ടീമുകളായാണ് പ്രദേശത്ത് പരിശോധനനടത്തുന്നത്. അതേസമയം പനി ആളുകളിലേക്ക് പകരാത്ത സാഹചര്യത്തില്‍ നിലവില്‍ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
12,000ത്തലധികം വളര്‍ത്തു പക്ഷികളെയാണ് കൊല്ലേണ്ടി വരിക. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിയിറച്ചി വില്‍പനയ്ക്കും നിരോധനമുണ്ട്.
പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളെ കൊല്ലേണ്ടി വരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്കു ധനസഹായം നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. തുക പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.