കൊച്ചി: കൊറോണ ഭീതി നിലനിൽക്കെ ഇറ്റാലിയൻ ആഡംബരകപ്പൽ കൊച്ചി തുറമുഖത്ത്. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാർ ഉൾപ്പെടെ 459 യാത്രക്കാർ കൊച്ചിയിലിറങ്ങി.എല്ലാ യാത്രക്കാരെയും കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കിയതായി പോർട്ട് ട്രെസ്റ്റ് വ്യക്തമാക്കി. ആർക്കും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
ദീർഘകാലമായി കപ്പൽ ഇറ്റലിയിലേക്ക് പോയിട്ടില്ലെന്നും മാലി ദുബായ് റൂട്ടിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പൽ സഞ്ചരിച്ചിട്ടുള്ളതെന്നുമാണ് പോർട്ട് അധികൃതർ പറയുന്നത്. പരിശോധനക്ക് ശേഷം കപ്പൽ കൊച്ചി തീരം വിട്ട് തിരിച്ചു പോയതായും പോർട്ട് അധികൃതർ വ്യക്തമാക്കി. കൊവിഡ്19 വൈറസ് രാജ്യത്ത് 18 ഓളം പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ദില്ലിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി.
നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നിർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്. രോഗബാധിതർ സഞ്ചരിച്ച് വിമാനങ്ങളിലെയും ഹോട്ടലുകളിലും ജീവനക്കാരെ അടക്കം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.







































