gnn24x7

ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

0
239
gnn24x7

തൃശ്ശൂര്‍: ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) ആണ് ബുധനാഴ്ച മരിച്ചത്.ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറോകാലോടു കൂടിയാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോയത്.

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ചായിരുന്നു ശവസംസ്‌കാരം. കടപ്പുറം പഞ്ചായത്തിലെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരായ നാലുപേര്‍ ചേർന്നാണ് കബറടക്കം നടത്തിയത്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.ബന്ധുക്കളാരെയും സമീപത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഖദീജക്കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണത്തിലാണ്. ഖദീജക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകനും ആംബുലന്‍സിന്റെ ഡ്രൈവറുമടക്കം അഞ്ചു പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

മൂന്നുമാസംമുമ്പാണ് കദീജക്കുട്ടി മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം താമസിക്കാന്‍ മുംബൈയിലേക്ക് പോയത്. ലോക്ഡൗണിനെത്തുടര്‍ന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നോര്‍ക്കയിലൂടെ പാസ് നേടിയാണ് തിരിച്ചുവന്നത്.മുംബൈയില്‍ മക്കള്‍ക്കൊപ്പമായിരുന്ന ഇവര്‍ പാലക്കാട് വഴി കാറില്‍ മറ്റു മൂന്ന് ബന്ധുക്കള്‍ക്കൊപ്പമാണ് പെരിന്തല്‍മണ്ണ വരെ എത്തിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചാവക്കാട്ടുനിന്ന് മകന്‍ ആംബുലന്‍സുമായി പെരിന്തല്‍മണ്ണയിലെത്തി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ സ്ഥിതി ഗുരുതരമായപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രമേഹവും രക്താതിസമ്മര്‍ദവും ശ്വാസതടസ്സവും ഉണ്ടായിരുന്ന ഇവര്‍ ഇതിന് ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മകനും ആംബുലന്‍സ് ഡ്രൈവറും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആംബുലന്‍സിന്റെ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിവുള്ളതായിരുന്നു. കദീജക്കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here