gnn24x7

സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

0
260
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പിയുടെയോ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാധ്യമങ്ങളോ പൊതുജനങ്ങളോ പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ വീഡിയോ ചെയ്യുകയാണെങ്കില്‍ വകുപ്പ് മേധാവിയുടെ അനുമതിയോടുകൂടി എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ വീഡിയോ നിര്‍മ്മിക്കാന്‍ പാടില്ല. അവശ്യഘട്ടം വന്നാല്‍ ഡി.ജി.പിയുടേയോ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെയോ അനുമതിയോടുകൂടി ഇത്തരം ചിത്രീകരണങ്ങള്‍ നടത്താം.

പൊലീസിന്റെ കലാ പ്രകടനങ്ങളുടെ വീഡിയോകളും നിര്‍മ്മിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പൊലീസ് മീഡിയാ സെന്ററിന്റെ കീഴില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതിനോടകം മുന്നൂറിലധികം വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. കോണ്‍സ്റ്റബിള്‍ മുതല്‍ മുതിര്‍ന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ വരെ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. വീഡിയോകള്‍ക്കായി പൊലീസ് ചലച്ചിത്ര താരങ്ങളെയടക്കം സമീപിച്ചിരുന്നു.

ഇതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ കൂടുതല്‍ ശ്രദ്ധ വീഡിയോ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് വകുപ്പിനുള്ളില്‍നിന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സെബര്‍ ക്രൈം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ വീഡിയോകള്‍ ചിത്രീകരിക്കുകയാണെങ്കില്‍ അതത് യൂണിറ്റിലെ അനുമതിയോടുകൂടി ചെയ്യാവുന്നതാണെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ കേരള പൊലീസ് നിര്‍മ്മിച്ച വീഡിയോകള്‍ എല്ലാംതന്നെ വലിയ പ്രചാരം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തായാവുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here