തിരുവനന്തപുരം: ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചതിന് ശേഷമാണ് കേസ് ഒത്തുതീർപ്പായത്. കിട്ടാനുള്ള പണം മുഴുവന്‍ പരാതിക്കാരന് തിരികെല ഭിച്ചതോടുകൂടിയാണ് കേസ് ഒത്തുതീർപ്പിലേക്കെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി യുടെ അടക്കം ഇടപെടൽ ഉണ്ടായിരുന്നു.
പാലക്കാട്ടെ ഒരു കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി. കേസില്‍ കുമ്മനം രാജശേഖരൻ നാലാം പ്രതിയും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീൺ ഒന്നാം പ്രതിയുമായിരുന്നു. കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി തുടങ്ങാനാണു പണം ഇവർ കൈപ്പറ്റിയത്. എന്നാൽ വർഷങ്ങളായിട്ടും സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി.
പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തനിയ്ക്ക് പണം തിരികെ ലഭിച്ചെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

































