gnn24x7

അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; പണമിടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരണം; ഫിറോസ് കുന്നംപറമ്പില്‍

0
295
gnn24x7

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടി പരാതിയില്‍ താനുള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍.

വര്‍ഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടു കെട്ടുകയും ചെയ്യണമെന്നാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കില്‍ ആ പണം എത്രയും പെട്ടന്ന് സര്‍ക്കാര്‍ തിരിച്ച് പിടിക്കണം.

ഹവാലക്കാരും ചാരിറ്റിക്കാരും വര്‍ഷയും തമ്മില്‍ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വര്‍ഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കില്‍ ഈ ഇടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ടെന്നും അവരെയും പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്നുമാണ് ഫിറോസിന്റെ ആവശ്യം.

സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിയെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. തുടര്‍ന്ന് നിരവധിപേര്‍ വര്‍ഷയെ സഹായിക്കാനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം വര്‍ഷ വെളിപ്പെടുത്തിയിരുന്നു.

അതേസമയം വര്‍ഷയ്ക്ക് സഹായവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി എത്തിയിരുന്നു.വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇതിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം ചികിത്സയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. ഒരു കോടി രൂപയിലധികമാണ് വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.

ചികിത്സയ്ക്കുള്ള പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്ന് ഡി.സി.പി പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here