ഇടുക്കി: രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഇനിയും 50ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് ടീമുകളായാണ് തിരച്ചില്‍ തുടരുന്നതെന്നും എന്‍.ഡി.ആര്‍.എഫ് ഫോറസ്റ്റ് സംഘങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
‘അഞ്ച് പേരെ കൂടി കണ്ടെത്തിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്തായി ഒഴുകുന്ന തോടിന് അപ്പുറത്തായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ കാലാവസ്ഥ അനുകൂലമാണ്. കുറേക്കൂടി മെച്ചപ്പെട്ട നിലയില്‍ പരമാവധി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.’, അദ്ദേഹം പറഞ്ഞു.
പെട്ടിമുടിക്ക് താഴെയായാണ് തോട് ഒഴുകുന്നത്. വീടിന്റെ അവശിഷ്ടങ്ങള്‍ അടക്കം വെള്ളത്തില്‍ ഒഴുകിപ്പോയിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും തോടിന് പുറത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്.
അതേസമയം 83 പേരെയാണ് കാണായത് എന്നത് ടാറ്റ കമ്പനിയുടെ കണക്കാണെന്നും ഇവിടെ താമസിച്ചിരുന്നവരുടെ ബന്ധുക്കളടക്കം നിലവില്‍ അവിടെ താമസിച്ചിരുന്നെന്നും ഇവരുടെ കണക്ക് പട്ടികയില്‍ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു.