തിരുവനന്തപുരം: തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍. അരുണ്‍ എന്ന ജീവനക്കാരനാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കറിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞാണ് അരുണ്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിട്ടുണ്ട്.
ഇന്നലെ എം. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായകമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കള്ളക്കടത്ത് സംഘവുമായി വളരെ അടുത്ത ബന്ധം ശിവശങ്കറിനുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന് വ്യക്തമായിരിക്കുന്നത്. ശിവശങ്കറിന് ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദര്‍ ഹൈറ്റ്‌സില്‍ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്.
കള്ളക്കടത്ത് സംഘങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ ആദ്യം ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോണ്‍ വിളിച്ചത് അരുണ്‍ എന്നയാള്‍ ആണ്. ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പില്‍ എം. ശിവശങ്കറിന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ആണെന്നാണ്. പല തവണ അരുണ്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.
അരുണ്‍ ബുക്ക് ചെയ്ത ഫ്‌ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദര്‍ ഹൈറ്റ്‌സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചു. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജയശങ്കറും കള്ളക്കടത്ത് സംഘങ്ങളുടെ ചര്‍ച്ചയില്‍ പങ്കാളിയായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെങ്കിലും കസ്റ്റംസ് തൃപ്തരല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ ഒരാള്‍ ശിവശങ്കറിനു കീഴില്‍ ജോലി ചെയ്യുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അരുണാണ് കള്ളക്കടത്ത് പ്രതികള്‍ക്കു വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ജയശങ്കറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കള്ളക്കടത്ത് സംഘത്തെ കുറിച്ച് സുവ്യക്തമായ വിവരങ്ങള്‍ ശിവശങ്കറില്‍നിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്തത് താന്‍ പറഞ്ഞിട്ടാണെന്നാണ് ശിവശങ്കര്‍ പറഞ്ഞിട്ടുള്ളത്. ഈ ഫ്‌ളാറ്റില്‍ നടന്ന പത്തോളം ചര്‍ച്ചകളില്‍ ജയശങ്കറും പങ്കാളിയായിരുന്നു എന്നതാണ് മറ്റൊരു വിവരം. രാത്രികാലങ്ങളില്‍ വരികയും പിറ്റേന്ന് ഉച്ചയ്ക്ക് മുന്‍പ് പോവുകയുമായിരുന്നു രീതി. ഈ സമയത്ത് റമീസ്, സരിത്ത്, സന്ദീപ്, സ്വപ്‌ന എന്നിവരൊക്കെ തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളിയായെന്നാണ് സൂചന.