കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും.
കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്. കൊടുവള്ളി എംഎല്‍എ പിടിഎ റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍. ഈ പാര്‍ട്ടി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിച്ചിട്ടുണ്ട്.ഇടത് സ്വതന്ത്രനായി വിജയിച്ച ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.