തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ. യുഡിഎഫിന്റെ രണ്ടു മുൻ മന്ത്രിമാർ അഴിമതി കേസിൽ അറസ്റ്റിന്റെ നിഴലിലാണ്. പൊലീസ് മേധാവിക്കെതിരേയുള്ള അഴിമതി ആരോപണത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നത് ഭരണപക്ഷത്തേയും പ്രതിരോധത്തിലാക്കുന്നു.
പാലാരിവട്ടം അഴിമതിക്കേസിൽ മുസ്ലിം ലീഗിലെ പ്രമുഖനും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് ഏതു നിമിഷവും അറസ്റ്റിലാകാമെന്ന നിലയിലാണ്. ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുണ്ടെന്ന് വിജിലൻസ് അവകാശപ്പെടുന്നു. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നതിനു മുന്നേയാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രി വി.എസ്. ശിവകുമാറനെതിരേയുള്ള അന്വേഷണ പ്രഖ്യാപനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനും വിശ്വസ്തരിൽ പ്രധാനിയുമാണ് ശിവകുമാർ. ഇതോടെ യുഡിഎഫും പ്രതിരോധത്തിലായി. രാഷ്ട്രീയപ്രേരിതമായ അന്വേഷണമെന്നും ഗവർണർ-സർക്കാർ ഒത്തുകളി എന്നുമൊക്കെ പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ല. ശിവകുമാറിനെതിരേ അന്വേഷണ ആവശ്യത്തിലേക്ക് വിജിലൻസ് നീങ്ങിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
സർക്കാരിനെതിരേ സിഎജി നടത്തിയ വെളിപ്പെടുത്തലുകൾ മറയ്ക്കാനുള്ള തന്ത്രമാണ് ശിവകുമാറിനെതിരേയുള്ള അന്വേഷണം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നു. പൊലീസ് മേധാവിക്കെതിരേയുള്ള സിഎജി പരാമർശങ്ങളിൽ പ്രതിപക്ഷം ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്രയും വലിയ അഴിമതി നടക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു കഴിഞ്ഞു. ഫലത്തിൽ പ്രതിപക്ഷത്തെ അഴിമതിക്കാരെ തുറുങ്കിലടയ്ക്കാനിറങ്ങിയ മുഖ്യമന്ത്രിയും വകുപ്പിലെ ക്രമക്കേടിന് ഉത്തരം പറയേണ്ട സ്ഥിതിയിലാണ്.
സിഎജി റിപ്പോർട്ട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരേ രംഗത്തിറങ്ങിയ പ്രതിപക്ഷത്തെ പിടിച്ചു നിർത്താനുള്ള സർക്കാരിന്റെ തുറുപ്പുചീട്ടായും ശിവകുമാറിനെതിരേയുള്ള അന്വേഷണ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നുണ്ട്. ഇരുമുന്നണികളും അഴിമതി ആരോപണങ്ങൾ നേരിടുമ്പോൾ ബിജെപി സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും. പുതിയ അധ്യക്ഷനു കീഴിൽ ശക്തമായ സമരങ്ങൾക്കു ബിജെപി തയാറെടുക്കുന്നെന്നാണ് സൂചന.