കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടും. ഏറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് നാളെ മുതല്‍ പത്ത് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുക.
കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകളാണിവ. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിലൊട്ടാകെ വൈറസ് സ്ഥിരീകരിച്ച 75ജില്ലകളും അടച്ചിടാന്‍ തീരുമാനമായിട്ടുണ്ട്. ആവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുള്ള ഉത്തരവ് പുറത്തിറക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍, കൂടുതല്‍ ജില്ലകള്‍ ആവശ്യമെങ്കില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ട്രെയിൻ സർവീസുകൾ ഈ മാസം 31 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
മെയിൽ, പാസഞ്ചർ, എക്സ്പ്രസ് അടക്കം എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊൽക്കത്ത മെട്രോ, സബർബൻ ട്രയിനുകൾ എന്നിവ ഇന്ന് രാത്രിവരെ ഓടും. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനുകളും സർവീസ് പൂർത്തിയാക്കും. എന്നാൽ ചരക്ക് തീവണ്ടികൾ പതിവുപോലെ തന്നെ സർവീസ് നടത്തും.
                









































