തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഏത്തമിടീല്‍ ശിക്ഷ നല്കാന് തക്കവണ്ണം എന്ത് കുറ്റമാണ് അവര്‍ ചെയ്തതെന്ന് അന്വേഷിക്കണമെന്നും മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല . ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്ടിന്റെ ലംഘനമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു .
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നിയമം കര്‍ശനമായി നടപ്പിലാക്കണം.എന്നാല്‍ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പോലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
അതേസമയം, പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. എസ്‌പിയുടെ നടപടി ശരിയായില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ യശസ്സിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മങ്ങലേല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വളപട്ടണം സ്റ്റേഷന് പരിധിയിലെ അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം കൈക്കാര്യം ചെയ്തത്. പോലീസിനെ കണ്ട ചിലര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിടിയിലായവരെ കൊണ്ട് Lock down നിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്നുപറഞ്ഞ് ഏത്തമിടീക്കുകയായിരുന്നു.
                









































