തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിൽ നിയമനം നൽകിയതു സംബന്ധിച്ച് നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് വിവാദമായ ജൂലൈ ഏഴിന് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. സ്വപ്നയ്ക്ക് ജോലി നൽകിയത് ഐ.ടി വകുപ്പല്ലെന്നും പ്ലേസ്മെന്റ് ഏജൻസി വഴിയായിരുന്നെന്നുമാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്.
ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയുടെ ഓപ്പറേഷൻ മാനേജരായി നിയമിക്കാൻ ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നാണ് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഈ ശുപാർശയെന്നും ഉത്തരവിൽ പറയുന്നു. സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത സാഹചര്യത്തിലാണ് സ്വപ്നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് മാറ്റം.