gnn24x7

കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി

0
289
gnn24x7

കോട്ടയം: കെ.എം മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി. കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.

രാഷ്ട്രീയ അനീതിയാണ് നടന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന നിസാര കാര്യത്തിനാണ് പുറത്താക്കിയത്. ഇത് ഒരു സ്ഥാനമോ പദവിയോ അല്ല. ഇതൊരു നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണ പ്രകാരം രാജിവെക്കണമെന്നാണ് പറഞ്ഞത്.

എവിടെയാണ് ധാരണ. രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും ഒന്നിച്ച് നിന്ന് അംഗീകരിക്കുന്നതാണ് ധാരണയാകുന്നത്. മറുവശം സമ്മതിക്കാതിരിക്കുമ്പോള്‍ അടിച്ചേല്‍പ്പിക്കുന്നതാണോ ധാരണ.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് തലേന്ന് രാത്രി കൂടെ നിന്നവന്‍ കാലുമാറി. ആ കാലുമാറിയവന് ജില്ലാ പ്രസിഡന്റ് സ്ഥാനം കൊടുക്കണമെന്ന് പറയുന്നത് അനീതിയല്ലേ.. ഇതില്‍ നീതിയുടെ പ്രശ്‌നമുണ്ട്.

ഒരു ആയിരം തവണ പി.ജെ ജോസഫ് ഗ്രൂപ്പിനെ പുറത്താക്കേണ്ടിയിരുന്നു. പാലാ തെരഞ്ഞെടുപ്പ് ഉടനീളം യു.ഡി.എഫിനെ പരാജയപ്പെടുത്തുന്ന പ്രസ്താവന അവരില്‍ നിന്നും വന്നു. എന്നാല്‍ അത് പുറത്തുപറയാന്‍ ഞങ്ങള്‍ വന്നില്ല. യു.ഡി.എഫിന് നേരെ പോയി പരാതി നല്‍കി. എന്നാല്‍ എന്ത് നടപടിയാണ് എടുത്തത്. ഒന്നും എടുത്തില്ല. ധാരണ എന്ന് പറയുന്നത് എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും ജോസ് കെ മാണി പറഞ്ഞു.

പലതും സൗകര്യ പൂര്‍വം കണ്ടില്ലെന്ന് നടക്കുന്നു. ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട നടക്കുന്നു. നാളെ രാവിലെ പത്തര മണിയ്ക്ക് യോഗം നടക്കും. അതിന് ശേഷം മറ്റു നടപടികള്‍ പറയാം.

ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ് ഇത്. അത് ആരുടേയും മുന്‍പില്‍ അടിയറ വെക്കാന്‍ അനുവദിക്കില്ല. അതാണ് ഇവിടുത്തെ പ്രശ്‌നം. അല്ലാതെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുള്ളതല്ല.

ഞങ്ങള്‍ യു.ഡി.എഫുമായി നിരവധി ചര്‍ച്ചകള്‍ നടത്തി. ഒന്നും പുറത്തുപറഞ്ഞിട്ടില്ല. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് രാജിവെക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും.

കേരള കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പമായിരുന്നു ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടത്.

ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും ഒഴിവാക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആയിരുന്നു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു.

യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിക്കുകയായിരുന്നു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ജോസ് കെ മാണി വിഭാഗം സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.

കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ സാധിക്കാത്തവര്‍ പിന്നില്‍ നിന്ന് കുത്തി എന്നായിരുന്നു ജോസ് വിഭാഗം പ്രതികരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here