gnn24x7

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ.കെ. ശൈലജ

0
241
gnn24x7

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിജയ് പി നായരെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രതികരണം.

‘വളരെ മോശം പരാമര്‍ശമാണ് അയാള്‍ യൂട്യൂബ് ചാനലിലൂടെ നടത്തിയത്. നിര്‍ബന്ധമായും അയാള്‍ക്കെതിരെ കേസെടുക്കണം. അതിന് എതിരെ പ്രതികരിക്കുന്നത് തെറ്റല്ല. അതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം.

ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാര്‍ഗ്ഗമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട പരാമര്‍ശങ്ങളാണ്. ഇത്തരം വൃത്തിക്കെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ-പുരുഷ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം’- ശൈലജ ടീച്ചര്‍ പറഞ്ഞു.

സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടനും സംവിധായകനുമായി ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. വിജയ് പി നായരെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അഭിനന്ദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുമ്പേ ശിക്ഷ വിധിക്കും.അതേസമയം സ്ത്രീകളെക്കുറിച്ച് അശ്ലീലം പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയുമെന്നും ജോയ് മാത്യു ചോദിച്ചിരുന്നു.

അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

സൈബര്‍ നിയമപ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ്. പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ലൈവിനിടെ തന്നെ അടുത്തത് ശാന്തിവിള ദിനേശ് ആണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് ഇയാളെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here