തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാങ്ങിയ ടവലിന്റെ വില പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യക്തമായിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ നിരക്കില്‍ നൂറെണ്ണമാണ് വാങ്ങിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എടുത്തുകാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുകയും മന്ത്രിമാർക്ക് കൈ തുടയ്ക്കാൻ ടവൽ ഒന്നിന് 750 രൂപ നിരക്കിൽ നൂറെണ്ണം എഴുപത്തയ്യായിരം രൂപയ്ക്ക് ഈ ദുരിത കാലത്ത് വാങ്ങണമായിരുന്നോ? തൽക്കാലം ഉള്ളത് കഴുകി ഉപയോഗിക്കുന്നതായിരുന്നില്ലേ ഉചിതം..,എന്ന് ചോദിക്കുകയും ചെയ്തു.
എഴുപത്തയ്യായിരം മന്ത്രിമാർക്ക് ചെറുതായിരിക്കാം. എന്നാൽ ഒരു ചില്ലിക്കാശുപോലും വിലപ്പെട്ട കനിയായി കണക്കാക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ടീ നാട്ടിലെന്ന് നമ്മുടെ മന്ത്രിമാർ ഓർക്കേണ്ടതായിരുന്നു എന്നും കെ സുരേന്ദ്രന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വെളിവാക്കുന്ന അനേകം നടപടികളിലൊന്നുമാത്രമാണിതെന്ന് കെ സുരേന്ദ്രന്‍ കുറ്റപെടുത്തുന്നു.








































