തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ BJP അദ്ധ്യക്ഷനായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ അവസാനിക്കും മുന്‍പേ അടുത്തതിന് തുടക്കമായി…
തന്‍റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല എന്നാവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി സംസ്ഥാന BJPയുടെ പുതിയ ഭാരവാഹി പട്ടിക സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പുറത്തിറക്കി.
പുതിയ ഭാരവാഹി പട്ടിക അനുസരിച്ച് കെ. സുരേന്ദ്രനു കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച ശോഭ സുരേന്ദ്രനും എ. എന്‍ രാധാകൃഷ്ണനും, എം.ടി രമേശും പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭയും രാധാകൃഷ്ണനും പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്‍റുമാരാണ്.
അതേസമയം, എം.ടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, അഡ്വ. പി സുധീര്‍ എന്നിവരാണ് മറ്റ് സെക്രട്ടറിമാര്‍. എ.പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരും. എം.എസ് കുമാർ, ബി ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരാണ് വക്താക്കൾ
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരവാഹി പട്ടികയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും BJP സംസ്ഥാന അദ്ധ്യക്ഷന്‍ പറയുന്നു.
അതേസമയം, സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എതിര്‍പ്പ് പ്രകടിപിച്ചവരെ സ്ഥാനക്കയറ്റം നല്‍കി തൃപ്തിപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി നടത്തിയിട്ടുണ്ട്. പക്ഷെ ഇത് എത്രത്തോളം വിജയിക്കുമെന്നാണ് ഇനി കാണേണ്ടത്..