കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ എഴുപത്തൊന്നുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇദ്ദേഹം വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന് എവിടെ വെച്ചാണ് വൈറസ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മാഹി ചെറുകല്ലായി സ്വദേശിയായ ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. നേരത്തെ വൃക്കരോഗവും ഹൃദ്രോഗവും ഉള്ളതിനാല്‍ തന്നെ ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂ മാഹി, ചൊക്ലി, പന്ന്യന്നൂര്‍ ഭാഗങ്ങളിലായി ഇദ്ദേഹം യാത്ര ചെയ്തതായി അറിഞ്ഞിട്ടുണ്ട്. വൈറസ് എവിടെ നിന്നാണ് ബാധിച്ചതെന്ന് വ്യക്തമാകാത്തതിനാല്‍ തന്നെ ഈ മൂന്ന് പഞ്ചായത്തിലേയും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.
മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എം.എം ഹൈസ്‌കൂള്‍ പള്ളിയില്‍ നടന്ന എല്ലാ ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 18 ന് പന്ന്യന്നൂര്‍ നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്.