gnn24x7

ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടിച്ച സംഭവം; കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി

0
301
gnn24x7

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിന് ആളുകളെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നല്ല ഈ പ്രവര്‍ത്തി എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

‘ഇന്ന് സംസ്ഥാനത്തിന്റെ പൊതു സംസ്‌കാരത്തിന് ചേരാത്ത ഒരു ദൃശ്യം നമ്മള് കാണാനിടയായി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആളുകളെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവേ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസിനെയാണ് ഇത്തരം കാര്യങ്ങള്‍ പ്രതികൂലമായി ബാധിക്കുക. പലയിടത്തും പ്രാഥമിക സൗകര്യം പോലുമില്ലാത്തിടങ്ങളിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനെ കുറിച്ച് പൊതുവേ ജനങ്ങള്‍ക്കിടയില്‍ മതിപ്പുമുണ്ട്. ആ മതിപ്പിനെ പോലും ഇല്ലാതാക്കുന്ന ഇത്തരം നടപടി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്’, മുഖ്യമന്ത്രി പിണറായി വിജയന്‍.

നടപടിയുടെ സാഹചര്യം വ്യക്തമാക്കണമെന്നും നിയമപരമായ നടപടികളേ പാടുള്ളൂവെന്നും ഡി.ജി.പി യതീഷ് ചന്ദ്രയെ അറിയിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു യതീഷ് ചന്ദ്രയും സംഘവും.വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അഴീക്കലില്‍ 11 മണിയോടെ എത്തിയപ്പോള്‍ ഒരു കടയ്ക്ക് മുന്‍പില്‍ നിരവധി പേര്‍ കൂട്ടംകൂടി ഇരിക്കുന്നതുകണ്ടു.
യതീഷ് ചന്ദ്ര വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ പ്രായമായ കുറച്ചുപേര്‍ അവിടെ തന്നെ നിന്നു.

ഇതോടെ ഇവരോട് ലോക്ഡൗണ്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേയെന്നും എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്നും ചോദിച്ച് ഏത്തമിടീക്കുകയായിരുന്നു യതീഷ് ചന്ദ്ര. ആളുകളെ കൊണ്ട് എസ്.പി ഏത്തമിടീക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍ സദുദ്ദേശത്തോടെയാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്നും നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ചെറിയ ശിക്ഷ നല്‍കിയതെന്നുമാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്ക്കരണത്തിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here