gnn24x7

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ

0
237
gnn24x7

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ. ഇതുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയിൽ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടാതെ ചെന്നൈയിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു.

എൻഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് കള്ളക്കടത്ത് സ്വര്‍ണം തമിഴ്നാട്ടിൽ വിറ്റെന്ന വിവരം ലഭിച്ചു. തിരുച്ചിറപ്പള്ളിയിലെ ഒരു ജ്വല്ലറിയിലും പിന്നീട് ബംഗളൂരുവിലും പരിശോധന നടത്തിയ ശേഷമാണ് ചെന്നൈയിലെത്തിയത്.

കേരളത്തിൽ നിന്ന് അടുത്തിടെ ചെന്നൈയിലേക്ക് സ്ഥലംമാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും എൻഐഎ മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം തമിഴ്നാട്ടിൽ ചില ഏജന്റുമാർ വഴി വിറ്റതിന് വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. സ്വർണവിൽപ്പന ഏജന്റുമാരായി പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും.

സ്വർണക്കടത്തിൻറെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങൾക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി 400 കിലോയ്ക്ക്ടുത്ത് സ്വർണമാണ് കഴിഞ്ഞ വർഷം കടത്തിയത്.

അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണവും പുരോഗമിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here