gnn24x7

കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ

0
245
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ദ്രുതഗതി വിലയിരുത്തലിലാണ് കൊവിഡും തുടര്‍ന്നുള്ള അടച്ചുപൂട്ടലും കേരള സമ്പദ്ഘടനയില്‍ ചെലുത്തിയ ആഘാതം വ്യക്തമാക്കിയത്.

സമ്പദ്ഘടനയില്‍ മൊത്തം മൂല്യവര്‍ധനയില്‍ ഇക്കാലയളവില്‍ 80 ശതമാനത്തിന്റെ കുറവ് കണക്കാക്കി. അടച്ചുപൂട്ടലിലായ മാര്‍ച്ചിലെ 10 ദിവസം, ഏപ്രില്‍, മെയ് മൂന്നുവരെയുള്ള കാലയളവിലെ നഷ്ടമാണ് തിട്ടപ്പെടുത്തിയത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നേരത്തെ കൊവിഡ് കാരണം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സംസ്ഥാനത്തെ വിവിധ മേഖലകളുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണബോര്‍ഡ് അടിയന്തര വിലയിരുത്തല്‍ നടത്തിയത്.

സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐ.ടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിലാണു തിരിച്ചടി നേരിട്ടത്. അതതു മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയാറാക്കും. ഇതിനു വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.

ഓരോ വകുപ്പിന്റെയും പദ്ധതികള്‍ പ്രത്യേകമായി തയാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്കു രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തോട്ടമുള്‍പ്പെടെ കാര്‍ഷിക മേഖലയിലെ മൊത്ത നഷ്ടം 1570.75 കോടിയാണ്. കര്‍ഷകത്തൊഴിലാളികളുടെ വേതനനഷ്ടം 200.30 കോടിയും. നെല്‍ക്കൃഷിയിലിത് 15 കോടിയാണ്.

ജൂണിലാരംഭിക്കേണ്ട മണ്‍സൂണ്‍ കൃഷി ആശങ്കയിലാണ്. പച്ചക്കറി മേഖലയിലെ ആകെ നഷ്ടം 147 കോടി രൂപ. കയറ്റുമതി 40 ശതമാനം കുറഞ്ഞു. പഴം, കിഴങ്ങുവര്‍ഗം, കശുവണ്ടി തുടങ്ങി എല്ലാ മേഖലയിലും നഷ്ടമുണ്ട്. തേയിലയില്‍ 141 കോടിയും, മൃഗസംരക്ഷണ മേഖലയില്‍ 181 കോടിയുമാണ് നഷ്ടം.

മത്സ്യമേഖലയ്ക്ക് മൊത്ത നഷ്ടം 1371 കോടിയാണ്. 41,664 മെട്രിക് ടണ്‍ സമുദ്രമത്സ്യം ഇക്കാലയളവില്‍ ശേഖരിക്കപ്പെടുമായിരുന്നു, 16,000 മെട്രിക് ടണ്‍ കയറ്റുമതിയും തടസ്സപ്പെട്ടു.

വ്യവസായ മേഖലയില്‍ ഉല്‍പ്പാദന മൂല്യവര്‍ധന നഷ്ടം 8000 കോടി കവിയുമെന്നാണ് അനുമാനം. സ്വയം തൊഴില്‍ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് 350 കോടി രൂപയുടെ വേതന, വരുമാന നഷ്ടമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ്, വ്യാപര മേഖലയിലെ വരുമാന കുറവ് 17,000 കോടി രൂപ.

പരമ്പരാഗത വ്യവസായത്തിലടക്കം 35.2 ലക്ഷം സാധാരണ തൊഴിലാളികള്‍ക്ക് പൂര്‍ണ വരുമാന നഷ്ടവുമുണ്ട്.

ടൂറിസം മേഖലയില്‍ മാര്‍ച്ചു മുതല്‍ സെപ്തംബര്‍ വരെ തിരിച്ചടിയാണ്. വിനോദസഞ്ചാര കലണ്ടറിന്റെ മുഖ്യപങ്കും പ്രതിസന്ധിയിലായി. 20,000 കോടി രൂപയാണ് താല്‍ക്കാലിക നഷ്ടം. റോഡ് ഗതാഗത മേഖലയില്‍ പ്രതിദിന അറ്റവരുമാന നഷ്ടം 241 കോടി കവിയും.

ഐ.ടി മേഖലയില്‍ പ്രതിദിനം 26,200 തൊഴില്‍ നഷ്ടമുണ്ട്. അനുബന്ധ പരോക്ഷ തൊഴില്‍ നഷ്ടം 80,000 ദിനവും. കെ.എസ്.ഇ.ബിക്ക് 210 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. വ്യവസായ, വാണിജ്യ, സ്ഥാപന ഉപയോക്താക്കളില്‍നിന്നുള്ള വരുമാന കുറവാണിത്.

തോട്ടം മേഖലയില്‍ കൂലിയായി 80 കോടി രൂപ കുറയും. തൊഴിലുറപ്പിലും 177 കോടിയുടെ വരുമാന നഷ്ടം കണക്കാക്കുന്നു. അയ്യന്‍കാളി നഗര തൊഴിലുറപ്പില്‍ 15 കോടിയും. പ്രവാസി മേഖലയിലെ നഷ്ടം കണക്കാക്കേണ്ടതുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 150ഓളം വിദേശ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേര്‍ കേരളത്തിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ്. അതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 20 മുതല്‍ 25 ലക്ഷം വരെ മലയാളികളുണ്ട്.

കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ ഗള്‍ഫ് മലയാളികളുടെ സമ്പാദ്യം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. കൊവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങി വരുമ്പോള്‍ കേരളത്തിലേക്കെത്തുന്ന പ്രതീക്ഷിച്ച വരുമാനം ഈ വര്‍ഷം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങി വരുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 85,000 കോടി രൂപയാണ് പ്രതിവര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയിരുന്നത്. കണക്ക്. 2020 ആകുമ്പോഴേക്കും ഇത് ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപയാകുമെന്നായിരുന്നു നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here