കൊച്ചി: ആറു മാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി.
ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ചാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. ഗര്‍ഭാവസ്ഥയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പെണ്‍ക്കുട്ടികള്‍ക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിവാഹിതനായ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്കോ വകുപ്പുകള്‍ ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പെണ്‍ക്കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സെഷന്‍സ് കോടതിയില്‍ ആദ്യം ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കില്ല. ഈ നിയമപ്രകാരമാണ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി തള്ളിയത്.
എന്നാല്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.
കോടതിയുടെ നിര്‍ദേശങ്ങള്‍:
1. ഗര്‍ഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണ൦.
2. കേസിന്‍റെ ആവശ്യത്തിനായി ഗര്‍ഭസ്ഥ ശിശുവിന്‍റെ DNA പരിശോധനയ്ക്കായി എടുക്കണം.
പെണ്‍ക്കുട്ടിയുടെ മാനസിക-ശാരീരിക സ്ഥിതിയെകുറിച്ച് പരിശോധിക്കണമെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഗര്‍ഭച്ഛിദ്ര൦ ഉടന്‍ നടത്തണമെന്നും ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കയുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് അംഗമായ ഗൈനക്കോളജി ഡോക്ടറുടെ കൂടി അഭിപ്രായം മാനിച്ചാണ് കോടതിയുടെ ഉത്തരവ്. കൂടാതെ, സുപ്രീം കോടതിയുടെ മുന്‍കാല വിധികളും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.








































