കോഴിക്കോട്: കൊവിഡ് 19 നെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സഹായങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 20000 കോടി രൂപയുടെ പാക്കേജാണ് വ്യാഴാഴ്ച സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ടി പ്രഖ്യാപിച്ചത്. ഇതില്‍ 500 കോടി രൂപ ആരോഗ്യമേഖലയ്ക്കാണ്.
കേരളത്തിന്റെ അടിസ്ഥാനമേഖലയുടെ വികസനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിപാ കാലത്തെ കേരളത്തിന്റെ അതിജീവനത്തെക്കുറിച്ചും ഇതിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചതും റിപ്പോര്‍ട്ടിലുണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ കരുത്താണ്. പൊതുജനസമ്പര്‍ക്കം കുറയ്ക്കുന്നതിന് കൊവിഡ് 19 കാലത്ത് കേരളം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കല്യാണങ്ങള്‍ മാറ്റിവെച്ചതിനാല്‍ നേരത്തെ ബുക്ക് ചെയ്ത മണ്ഡപങ്ങള്‍ക്ക് പണമീടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ആളുകൂടുന്നയിടങ്ങളിലും സ്‌ക്രീനിംഗ് നടക്കുന്നുണ്ട്.
തെരുവ് കച്ചവടക്കാര്‍ക്ക് കോഴിക്കോട് മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡോക്ടര്‍മാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് സ്റ്റോപ്പുകള്‍ക്ക് സമീപം കൈകഴുകാന്‍ സൗകര്യം ഒരുക്കിയതിന്റെ ചിത്രവും റിപ്പോര്‍ട്ടിലുണ്ട്.
അംഗനവാടികള്‍ അടച്ചെങ്കിലും കുട്ടികള്‍ക്കുള്ള പോഷകാഹാരം വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ നടപടിയേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം സ്ഥിരീകരിച്ച രോഗികള്‍ക്ക് അസുഖം മാറിയതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം കൊവിഡ് 19 കേരളത്തിലും നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.










































