gnn24x7

ലോക്ക് ഡൗൺ; ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ ആരംഭിക്കവേ ദേശീയ പാതകളില്‍ ടോള്‍ പിരിവ് പുനസ്ഥാപിച്ചു

0
445
gnn24x7

കൊച്ചി: കൊവിഡ് 19 നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ ആരംഭിക്കവേ ദേശീയ പാതകളില്‍ ടോള്‍ പിരിവ് പുനസ്ഥാപിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാലിയേക്കര ടോള്‍പ്ലാസയിലെ പിരിവ് വീണ്ടും തുടങ്ങിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും പാലിയേക്കരയില്‍ വാഹനങ്ങളുടെ നീണ്ടനിരയും തിരക്കും അനുഭവപ്പെട്ടതോടെ മാര്‍ച്ച് 24ന് കളക്ടര്‍ ഇടപെട്ടാണ് ടോള്‍പിരിവ് നിര്‍ത്തിയത്. എന്നാല്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്പേ വീണ്ടും ടോള്‍പിരിവ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പേ ടോള്‍പിരിവ് ആരംഭിക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ ടോള്‍പിരിവ് അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു

ടോള്‍പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുതുക്കാട് അഗ്‌നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസ പരിസരവും ഓഫീസുകളും ജീവനക്കാര്‍ പ്രവേശിക്കുന്ന കവാടങ്ങളുമെല്ലാം ശുചീകരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ തുടരുന്നതിനൊപ്പമാണ് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രണ്ട് ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ഗ്രീന്‍സോണിലുള്ള ജില്ലകളായ ഇടുക്കിയും കോട്ടയവും ഓറഞ്ച് ബി വിഭാഗത്തിലുള്ള തിരുവനന്തപുരം ആലപ്പുഴ, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലുമാണ് ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ഇവിടെ പൊതുഗതാഗതവും വിദ്യാഭ്യാസസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

സര്‍ക്കാര്‍ ഓഫീസുകളെല്ലാം തുറക്കും, ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഇടുക്കിയിലും കോട്ടയത്തും കടകള്‍ തുറക്കാം, തുണിക്കടകള്‍, ജുവലറികള്‍ എന്നിവക്കും ഈ രണ്ട് ജില്ലകളില്‍ തുറന്നു പ്രവര്‍ത്തിക്കാനാവും. ഗ്രീന്‍, ഓറഞ്ച് ബി ജില്ലകളിലെല്ലാം അവശ്യസര്‍വീസുകള്‍ക്ക് പുറമെ, കൃഷി, മത്സ്യബന്ധനം, തോട്ടം മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മാറും. കോടതികളും തുറക്കും. തൊഴിലുറപ്പിനും പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവാദമുണ്ടാകും.

ഐടി, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഭക്ഷ്യസസ്‌ക്കരണ യൂണിറ്റുകള്‍, ഖനികള്‍, സൂക്ഷ്മ , ചെറുകിട സംരംഭങ്ങള്‍ എന്നിവക്കും തുറക്കാം. ഫോണ്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.

റെസ്റ്ററന്റുകള്‍ക്കും ഭക്ഷണ ഡെലിവറി സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും തുറക്കും. ചരക്ക് ഗതാഗതത്തിനും തടസ്സമില്ല. ലോഡിംങ് തൊഴിലാളികള്‍ക്കും ജോലിചെയ്യാം.

ഓറഞ്ച് എ വിഭാഗത്തിലുള്ള പത്തനംതിട്ട, കൊല്ലം , എറണാകുളം കര്‍ശന നിയന്ത്രണങ്ങളോടെ ചെറിയ ഇളവുകള്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here