gnn24x7

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ മൊഴി

0
240
gnn24x7

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം.ശിവശങ്കര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്‌ളാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. വാട്‌സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

ഐ.ടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍ ബാലചന്ദ്രന്‍. ഹൈ പവ്വര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടറാണ് അരുണ്‍ ബാലചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്നു

അതേസമയം സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സന്ദീപ് സരിത്ത് എന്നിവരുമായി തനിക്ക് അടുപ്പമുണ്ടെന്ന് എം. ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് സമ്മതിച്ചതായാണ് സൂചന. സ്വപ്‌ന അടുത്ത സുഹൃത്താണെന്നും ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്‌നയുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. കൂടിക്കാഴ്ചയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഉന്നയിച്ചെങ്കില്‍ ശിവശങ്കര്‍ ഇതില്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നും കള്ളക്കടത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ശിവശങ്കറിന്റെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇന്നലെ വൈകീട്ട് നാലരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ച രണ്ട് മണിക്കാണ് അവസാനിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here