തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജലനിരപ്പ് 136 എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം പുറത്തേക്കൊഴുക്കണമെന്നും ഡാമിലെ ജലം ടണല്‍ വഴി വൈഗൈ ഡാമില്‍ എത്തിച്ച് പുറത്തേക്ക് വിടണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജല നിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴിന് ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നിട്ടുണ്ട്.
വരുന്ന രണ്ടു ദിവസങ്ങളിലും ജില്ലയില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്‌സും ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലും തേക്കടിയിലും യഥാക്രമം 198.4 മി.മീ-ഉം 157.2 മി.മീ-ഉം മഴയാണ് പെയ്തത്. ഈ സമയത്തിനുള്ളില്‍ 7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്താണ് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖന് കത്തയച്ചത്.
കട്ടപ്പന എം.ഐ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ നല്‍കിയ വിവരം പ്രകാരം തമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്.
23000 ക്യുസക്‌സ് ജലം പുറന്തള്ളിയപ്പോള്‍ 2018-ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവങ്ങള്‍ നമുക്കറിയാമെന്നും അതിനാല്‍ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്.
ചാലക്കുടി ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നതായി അറിയുന്നുണ്ടെന്നും അതിനാല്‍ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയും വേണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.







































