കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. എറണാകുളം ഓഫീസിലെ റീജണല്‍ മാനേജര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ധന്യ എന്നിവരെ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമിച്ചത്. കട്ടപ്പനയില്‍ ശാഖ ഓഫീസ് തുറക്കാന്‍ എത്തിയ വനിതാ മാനേജരുടെ ദേഹത്ത് സമരക്കാര്‍ മീന്‍ കഴുകിയ വെള്ളം ഒഴിച്ചു.
ജോലിക്കെത്തിയ വിനോദ് കുമാറിനെയും ധന്യയെയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചത് സിഐടിയു പ്രവര്‍ത്തകരാണെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇടുക്കി കട്ടപ്പനയില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാന്‍ എത്തിയ മാനേജര്‍ അനിത ഗോപാലിന്റെ ദേഹത്താണ് മരക്കാര്‍ മീന്‍ കഴുകിയ വെള്ളം ഒഴിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഓഫീസിന് പുറത്തുനിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് അനിതാ ഗോപാല്‍ ആരോപിച്ചു. 10-12 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ അതിലൊരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ മീന്‍വെള്ളം ഒഴിച്ചു. തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചു. ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസില്‍ പ്രവേശിച്ചതെന്ന് അനിത പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കി. ഓഫീസ് തുറക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമമെന്ന് പരാതിയിലുണ്ട്. നേരത്തെയും മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയ്ക്ക് നേരേ അതിക്രമങ്ങളുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഇവര്‍ ഓഫീസിന്റെ പൂട്ടില്‍ ഈയം ഒഴിക്കുകയും ഓഫീസ് തുറക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് പോലീസിനെ പിന്‍വലിച്ചത്.








































