കൊച്ചി: കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാൻ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൽ (എൻ.ഐസി) സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ. സ്പ്രിങ്ക്ളർ കരാർ ചോദ്യ ചെയ്തുള്ള ഹർജിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സതയവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം എൻഐസി ഒറുക്കും. സംസ്ഥാന സര്‍ക്കാരും സ്പ്രിങ്ക്ളറും തമ്മിലുള്ള കരാർ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഐ.ടി ആക്ടിന് വിധേയമായി വേണം സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടേണ്ടത്. ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയാണ്. അത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.








































