തിരുവനന്തപുരം: നിപയെന്ന മഹാമാരിക്കെതിരെ പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയ്ക്ക് നിപാ ബാധിതനായ വ്യക്തിയെ പരിചരിക്കുന്നതിനിടെയായിരുന്നു രോഗം പിടിപെട്ടത്.
മരണത്തെ പോലും ആത്മധൈര്യത്തോടെ നേരിട്ട ലിനിയെ മലയാളികള്‍ക്ക് ഒരു നൊമ്പരത്തോടെയേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. മരണത്തോടടുക്കുന്ന അവസാന നിമിഷത്തില്‍ ഉറ്റവരെ പോലും ഒരുനോക്കുകാണാനാവാതെ അവര്‍ക്കായി ലിനി എഴുതിയ കുറിപ്പും ഏവരുടേയും ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായിരുന്നു.
ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണെന്നും അദ്ദേഹം പറയുന്നു.
അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി.
കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്.
രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു.
ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.







































