ഇടുക്കി: പെട്ടിമുടില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് രണ്ട് പേരുടെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. അരുണ്‍ മഹേശ്വര്‍ എന്ന യുവാവിന്റെ മൃതദേഹമാണ് നേരത്തെ കണ്ടെടുത്തത്.
പ്രദേശത്ത് 38 പേര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് ഇവിടെ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രാജമലയില്‍ ഇപ്പോഴും കനത്ത മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരമാണ്. ഇപ്പോള്‍ കണ്ടെടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണ് നീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകുന്നതിനുള്ള സാധ്യതകളും കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
അതേസമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നി ശമനസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരിച്ചയച്ചിരുന്നു.
പ്രദേശത്ത് 83 പേരെയാണ് കാണായത് എന്നാണ് ടാറ്റ കമ്പനിയുടെ കണക്ക്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ കണക്കെന്നും ഇവിടെ താമസിച്ചിരുന്നവരുടെ ബന്ധുക്കളടക്കം അവിടെ താമസിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഇവരുടെ കണക്ക് പട്ടികയില്‍ ഇല്ലെന്നും പറയുന്നു.
 
                






