gnn24x7

സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍

0
258
gnn24x7

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കാന്‍ ബുധനാഴ്ച അംഗീകാരം നല്‍കിയ സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് സാലറി ചലഞ്ചിനെതിരെ രംഗത്തെത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.പി.എസ്.ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സാമ്പത്തിക സ്ഥിതിയനുസരിച്ച് പരമാവധി തുക സംഭാവന ചെയ്യാനാവുന്ന വിധം തീരുമാനം മാറ്റണമെന്ന് സംസ്ഥാന പ്രസിഡന്റ് വി. കെ അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുള്ള വാവൂര്‍ അറിയിച്ചു.

പിടിപ്പുകേടും ഭരണ പരാജയവും മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച ജീവനക്കാരുടെ തലയില്‍ വെച്ചു കെട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് ആര്‍. അരുണ്‍കുമാറും ജന. സെക്രട്ടറി എസ്. മനോജും പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുള്‍ ലത്തീഫും ജന.സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ പോക്കറ്റടിക്കുന്ന നടപടിയാണിതെന്നാണ് എഫ്.എച്ച്.എസ്.ടി.എ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സാലറി ചലഞ്ചിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമായത്.

ജീവനക്കാരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാണ് നിലവിലെ തീരുമാനം.

എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ നിലവില്‍ ഒരു ലക്ഷം രൂപ ദുരതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

എല്ലാ ജീവനക്കാരുടെയും ശമ്പളം ദുരിതാശ്വാസ നിധിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ടായിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here