തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും ലോകരാജ്യങ്ങളിൽ പടർന്നു പന്തലിച്ച കൊറോണ (Covid 19) ഇപ്പോൾ കേരളത്തേയും വിടാതെ പിടിച്ചിരിക്കുകയാണ്.
ഇന്നലെ 12 പേർക്കാണ് കേരളത്തിൽ കൊറോണ പിടിച്ചിരിക്കുന്നത്. കാസർഗോഡ് 6 കേസുകൾ, എറണാകുളത്ത് 5, പാലക്കാട് 1 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 40 കവിഞ്ഞു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയും ദർശനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ഇന്നുമുതൽ കുറച്ചുനാളത്തേയ്ക്ക് ദർശനം നിർത്തിവയ്ക്കുന്നു വെന്നാണ് അധികൃതർ അറിയിച്ചത്. ആദ്യം ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നായിരുന്നു തീരുമാനിച്ച തെങ്കിലും കേരളത്തിൽ കൊറോണ വൈറസ് ബാധ കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദർശനം നിർത്തി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ദർശനം നിർത്തിവച്ചുവെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും കൃത്യമായിതന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇനിയൊരറിയിപ്പ് വരുന്നതുവരെ ഗുരുവായൂരിൽ വിവാഹം , ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നിവ നടത്തില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഭക്തർ ബുക്ക് ചെയ്തിട്ടുള്ള ഉദയാസ്തമന പൂജ, കൃഷ്ണനാട്ടം, ചുറ്റുവിളക്ക് എന്നിവയുടെ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.









































