gnn24x7

അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതി; തൃശൂരില്‍ പിരിച്ചുവിട്ട ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ പൊലീസ് കേസെടുത്തു

0
331
gnn24x7

തൃശൂര്‍: തൃശൂരില്‍ പിരിച്ചുവിട്ട ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ പൊലീസ് കേസെടുത്തു. ഡി.എം.ഒയുടെ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഷിനു സമൂഹത്തില്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും കുറ്റമുണ്ട്.

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടെന്നാരോപിച്ച് ഷിനു ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.

കടുത്ത പനിയുമായി ഖത്തറില്‍ നിന്നും നാട്ടില്‍ വന്ന് തന്റെ പക്കല്‍ ചികിത്സ തേടിയെത്തിയ ആളെപ്പറ്റിയുള്ള അനുഭവക്കുറിപ്പ് ഷിനു ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ചികിത്സയ്‌ക്കെത്തിയ ആളുടെ അവസ്ഥ വിവരിച്ചുകൊണ്ട് ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും ഡോക്ടര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷിനുവിനെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടത്.

ജനുവരി അവസാനം നാട്ടില്‍ വന്ന ഇയാള്‍ദല്‍ഹി- ആഗ്ര എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നും കഴിഞ്ഞ ദിവസം ഖത്തറിലേക്ക് തിരിച്ചുപോയെന്നും ഷിനു പറഞ്ഞിരുന്നു.

‘ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇനിയും ശബ്ദിക്കും’, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് പിന്നാലെ ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഖത്തറില്‍ പോകാന്‍ പറ്റില്ലെന്നും ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നും രോഗിയോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അയാള്‍ അത് ചെവിക്കൊണ്ടില്ലെന്നും നാളെ തന്നെ പോകണമെന്ന് പറഞ്ഞ് ഒ.പിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഷിനു ശ്യാമളന്‍ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.

അയാളുടെ പേരും വീട്ടുപേരും കിട്ടിയെന്നും പിന്നീട് ആരോഗ്യവകുപ്പില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നും ഡോക്ടര്‍ ആരോപിച്ചിരുന്നു.

ഡെപ്യൂട്ടി ഡി.എം.ഒയെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ നമ്പറും സിസിടിവിയും തന്നില്ലല്ലോ എന്നാണ് ചോദിച്ചതെന്നും ഷിനു പറഞ്ഞിരുന്നു.

ഷിനുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ഡോ. ഷിനു മോശമായി ചിത്രീകരിച്ചെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നുമാണ് ഡി.എം.ഒ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here