gnn24x7

പ്രണവിന് കൈത്താങ്ങായി ഷഹാന; വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ഷഹനയെ കടത്തി കൊണ്ടുപോകാന്‍ ശ്രമം?

0
359
gnn24x7

തളര്‍ന്ന ശരീരവുമായി വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്ന പ്രണവിന് കൈത്താങ്ങായി ഷഹാനയെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

ഷഹാനയെ കടത്തി കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മകളെ കാണാനില്ലെന്ന് പോലീസില്‍ ഷഹാനയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാനെത്തിയപ്പോഴാണ് ഷഹാനയെ കടത്തിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഷഹാനയ്ക്കൊപ്പമെത്തിയ പ്രണവിന്‍റെ ബന്ധുക്കള്‍ തിരികെ പോകുകയായിരുന്നു.

കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ഷഹാന ഈ വിവരം പള്ളിയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ എസ്ഐയെ വിളിച്ചറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗിനു പഠിക്കുന്ന മകളെ കാണാനില്ലെന്ന് കാണിച്ചാണ് ഷഹാനയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

വീല്‍ചെയറിലെത്തിയ പ്രണവ്, ഷഹാനയുടെ കഴുത്തില്‍ താലിയണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഒന്നാകെ ഏറ്റെടുത്തിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോകള്‍ കണ്ടാണ്‌ ഇരുപത്തിയെട്ടുകാരനായ പ്രണവിന്‍റെ കൈപിടിക്കാന്‍ 19കാരിയായ ഷഹാന തീരുമാനിച്ചത്.

ആളൂര്‍ കണ്ണിക്കര സ്വദേശി മണപ്പറമ്പില്‍ സുരേഷ്ബാബു-സുനിതാ ദമ്പതിമാരുടെ മൂത്ത മകനായ പ്രണവിന് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അപകടത്തിലാണ് നട്ടെല്ലിന് പരിക്കേല്‍ക്കുന്നത്.

പട്ടേപ്പാടത്തിന് സമീപം കുതിരതടത്ത് വച്ച് ബൈക്കില്‍ നിന്ന് വീണാണ് പ്രണവിന്‍റെ ശരീരം തളര്‍ന്നത്. ബികോം കഴിഞ്ഞ ഉടനായിരുന്നു അപകടം. എന്നാല്‍, ശരീരം തളര്‍ത്തിയ വിധിയ്ക്ക് പ്രണവിന്‍റെ മനസിനെ തളര്‍ത്താനായില്ല. കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പ്രണവ് നിറസാന്നിധ്യമായി.

അങ്ങനെയൊരു ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രണവിന്‍റെ വീഡിയോയാണ് തിരുവനന്തപുരം സ്വദേശിനി ഷഹാനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, മേസേജുകളിലൂടെ പ്രണവിനെ ബന്ധപ്പെടാന്‍  ഷഹാന ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

തുടര്‍ന്ന്, സുഹൃത്തുക്കളെ ബന്ധപ്പെട്ട ഷഹാന നമ്പര്‍ സംഘടിപ്പിക്കുകയും പ്രണവിനെ നേരിട്ട് വിളിച്ച് പ്രണയമറിയിക്കുകയുമായിരുന്നു. എന്നാല്‍, അവിടെയും നിരാശയായിരുന്നു ഫലം.

തന്‍റെ അവസ്ഥ വിശദീകരിച്ച പ്രണവ് സ്നേഹത്തോടെ ഷഹാനയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് വരെ പ്രണവ് പറഞ്ഞു. ഇതിനിടെ പ്രണയമറിഞ്ഞ ഷഹാനയുടെ വീട്ടുകാര്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

ഇതിന് പിന്നാലെയാണ് ആറു മാസത്തെ പ്രണയത്തിന് ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ബസ് കയറി ഷഹാന ചാലക്കുടിയിലെത്തുന്നത്. പ്രണവിന്‍റെ വീട്ടിലെത്തിയ ഷഹാനയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും പിന്മാറാന്‍ അവള്‍ തയാറായിരുന്നില്ല.

തുടര്‍ന്ന്, പോലീസില്‍ വിവരമറിയിക്കുകയും ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ ആലാ ശങ്കരനാരായണ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തുകയുമായിരുന്നു. പ്രണവിന്‍റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പ്രണവിന്‍റെ അച്ഛന്‍ സുരേഷ് ബാബു വിദേശത്താണ്. സഹോദരി ആതിര.

‘എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാന്‍ പോകുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം’- വിവാഹത്തിന് മുന്‍പ് പ്രണവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here