തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അസാധാരണ നടപടികളുമായി സി.ബി.ഐ. പെരിയ ഇരട്ടകൊലപാതത്തിന്റെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറികള്‍ ഉടനെ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാളുകള്‍ ഏറെ ആയെങ്കിലും ക്രൈംബ്രാഞ്ച് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളോ നപടികളോ എടുത്തിരുന്നില്ല. തുടര്‍ന്നാണ് സി.ബി.ഐ ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചത്. എന്നിട്ടും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നും നീക്കങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ സി.ബി.ഐ നിയമനടപടികളുമായി മുമ്പോട്ടുപോകുമെന്നാണ് അറിവ്. ക്രിമിനല്‍ കേസ് നടപടികളുടെ 93-ാം വകുപ്പനുസരിച്ച് കോടതിയില്‍ നിന്നുള്ള വാറന്റോടെ ക്രൈംബ്രാഞ്ച് ഓഫീസ് സി.ബി.ഐ റെയ്ഡ് ചെയ്‌തേക്കും.
ആദ്യമായാണ് സി.ബി.ഐക്ക് ഒരു കേസിന് വേണ്ടി ഇത്തരത്തിലുള്ള അപൂര്‍വ്വമായ നിയമ നടപടികളിലേക്ക് പോവേണ്ട വന്നത്. കണക്കുപ്രകാരം ഏതാണ്ട് ഏഴുതവണകളായാണ് സി.ബി.ഐ ഡയറി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്. എന്നിട്ടും നടപടികളൊന്നും ഉണ്ടാവാത്തതിലാണ് സി.ബി.ഐ ഈ തീരുമാനത്തിലേക്ക് എത്തിയത്.സി.ബി.ഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ അടുത്ത മാസം 26 നാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.





































