gnn24x7

ലോക്ക്ഡൗൺ കാലത്ത് ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് സ്മാര്‍ട്ട് സിറ്റി

0
260
gnn24x7

കൊച്ചി: ലോക്ക്ഡൗൺ കാലത്ത് ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് സ്മാര്‍ട്ട് സിറ്റി. പതിനായിരം ചതുരശ്ര അടി വരെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടക ഒഴിവാക്കണമെന്നിരിക്കെയാണ് നിര്‍ബന്ധപൂര്‍വ്വം തുക ഈടാക്കുന്നത്. സ്മാർട്ട് സിറ്റിയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനികള്‍.

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലായിരുന്നു ഐ ടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന്മാസത്തേയ്ക്ക് വാടക പൂര്‍ണമായും ഒഴിവാക്കി. മറ്റ് സ്ഥാപനങ്ങള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു. പക്ഷേ, ഈ ഇളവുകളൊന്നും മുഖ്യമന്ത്രി ചെയര്‍മാനായ സ്മാർട്ട് സിറ്റിയില്‍ ബാധകമല്ല. നിര്‍ബന്ധപൂര്‍വ്വം വാടക ഈടാക്കുകയാണ് സ്മാര്‍ട് സിറ്റി പ്രദേശത്തെ കമ്പനികളില്‍ നിന്ന്.

ഒന്നര ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാടക നല്‍കുന്ന സ്ഥാപനങ്ങളാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിട്ട അവസ്ഥയിലാണ്. വിദേശ കരാറുകളടക്കം മുടങ്ങി. പ്രതിസന്ധിക്കിടെ വാടക ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനികള്‍.

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും മറുപടി ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരമാണ് പ്രവര്‍ത്തനമെന്നും വാടകയില്‍ ഇളവ് നല്‍കാനാവില്ലെന്നുമാണ് സ്മാര്‍ട് സിറ്റി അധികൃതരുടെ വിശദീകരണം. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് കമ്പനികള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന നടപടി. ഇത് പ്രത്യക്ഷമായി ജീവനക്കാരെ തന്നെയാവും കൂടുതല്‍ ബാധിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here