gnn24x7

സർവേ ഡയറക്ടറെ മാറ്റിയതിൽ പ്രതിഷേധം; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അവധിയിൽ

0
275
gnn24x7

തിരുവനന്തപുരം: സർവേ ഡയറക്ടർ വി ആർ പ്രേംകുമാറിന്റെ സ്ഥലം മാറ്റി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അവധിക്ക് അപേക്ഷ നൽകി. തുടർന്നുചേർന്ന മന്ത്രിസഭാ യോഗം പ്രേംകുമാറിനെ വ്യവസായ, വാണിജ്യ ഡയറക്ടറായി നിയമിച്ചു. രണ്ട് ദിവസത്തെ കാഷ്വൽ അവധിയാണ് വേണുവിന് അനുവദിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്നുള്ള 2 ദിവസം പൊതുഒഴിവാണ്. തിങ്കളാഴ്ച മുതൽ നീണ്ട അവധി വേണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ പുതിയ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കേണ്ടി വരും.

കഴിഞ്ഞയാഴ്ചയാണ് പ്രേംകുമാർ അടക്കമുള്ളവരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ താനറിയാതെ മാറ്റിയതിൽ പ്രതിഷേധിച്ചു വേണു ചീഫ് സെക്രട്ടറിക്ക് കത്തെഴുതുകയും അവധിയിൽ പോകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീഫിസിനെ വിമർശിക്കുന്ന കുറിപ്പുകൾ ഐഎഎസ് ഉദ്യോഗസ്ഥ വാട്സാപ് ഗ്രൂപ്പിൽ ഇട്ടതായും ആക്ഷേപമുണ്ട്. ഒരു വിഭാഗം ഐഎഎസുകാർ വേണുവിനൊപ്പം ചേരുകയും തങ്ങളും അവധിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ നടപടിക്കെതിരെ ഐഎഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു.

ചൊവ്വാഴ്ച ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും കണ്ടിരുന്നു. ഭീഷണിക്ക് വഴങ്ങേണ്ടെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മന്ത്രിസഭാ യോഗത്തിനു മുൻപ് തന്നെ ഉത്തരവു പുറത്തിറങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here