gnn24x7

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം

0
385
gnn24x7

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് വെച്ചു ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ശബരിമല യുവതി പ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സി.പി.ഐ.എം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ രംഗത്തും സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെയാണ് പാര്‍ട്ടി നില്‍ക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ശബരിമല വിധി വിശാലബെഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെയും വിമര്‍ശിക്കുന്നുണ്ട്.

‘ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിക്കളയണമായിരുന്നു.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരജികള്‍ പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബെഞ്ചിനെ നിയമിച്ചത് ചിട്ടവട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘മറ്റു ബെഞ്ചുകളുടെ പരിഗണനയിലുണ്ടായരുന്ന വ്യത്യസ്ത മതങ്ങളിലെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച ഹരജികള്‍ ശബരിമല വിശാലബെഞ്ചിന്റെ കീഴിലാക്കിയത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു. പുനപരിശോധന ഹരജികള്‍ അനുവദിച്ചതിലൂടെ 2018ലെ വിധി നടപ്പിലാക്കാതിരക്കുക മാത്രമല്ല, വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്‌തെന്നും’ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുന്നു.

സുപ്രീംകോടതി എത്രയും വേഗം യുവതീപ്രവേശന വിഷയത്തില്‍ കൃത്യവും വ്യക്തവുമായ വിധി പ്രഖ്യാപിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു.

ദേശീയ – അന്തര്‍ദേശീയ വിഷയങ്ങളിലുള്ള കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് ശബരീമല യുവതീപ്രവേശനം സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ തീരുമാനം അറിയിച്ചിട്ടുള്ളത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യാതെ തന്നെ പുനപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം ആശയക്കുഴപ്പം നിറഞ്ഞതാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

2018ലെ ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് പാര്‍ട്ടി എടുത്ത നിലപാട് മൂലമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമലയില്‍ അമ്പത് വയസ്സിന് താഴെയുള്ള സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഐ.ഡി കാര്‍ഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

2018ലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here