gnn24x7

സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് എം ശിവശങ്കർ എൻഐഎയോട് സമ്മതിച്ചു

0
232
gnn24x7

കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയോട് സമ്മതിച്ചു. വിളിച്ചതിന്റെയും ചാറ്റുകളുടെയും ഡിജിറ്റൽ രേഖകള്‍ നിരത്തിയായിരുന്നു എൻഐഎയുടെ ഇന്നലത്തെ ഒൻപതുമണിക്കൂർ ചോദ്യം ചെയ്യൽ. ബംഗളുരുവില്‍ അറസ്റ്റിലാകുന്ന ഘട്ടത്തിലും ശിവശങ്കറിന് സ്വപ്‌ന വാട്‌സാപ്പ് സന്ദേശമയച്ചതായി എന്‍ഐഎ കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാനാണ് ശിവശങ്കറിനെ എൻഐഎ മൂന്നാമതും വിളിച്ചുവരുത്തിയത്. ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കഴിഞ്ഞ ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജ്‌ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം താന്‍ നിരാകരിച്ചെന്ന് ശിവശങ്കര്‍ വ്യക്തമാക്കി. പതിവുരീതിയില്‍ ചെയ്യാനാണ് താൻ നിര്‍ദേശിച്ചത്‌. ബാഗേജില്‍നിന്ന് സ്വര്‍ണം കണ്ടെടുത്ത ജൂലൈ അഞ്ചിനും സഹായം ചോദിച്ച്‌ സ്വപ്‌ന പലതവണ വിളിച്ചു. കൂടെനിന്നവര്‍ ചതിച്ചെന്നാണ് സ്വപ്‌ന കരഞ്ഞുകൊണ്ടുപറഞ്ഞത്‌. പെട്ടുപോയി, രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സ്വര്‍ണമാണെങ്കില്‍ സറണ്ടര്‍ ചെയ്യൂവെന്നാണ് താന്‍ സ്വപ്‌നയെ ഉപദേശിച്ചതെന്നും ശിവശങ്കര്‍ പറഞ്ഞു. മുന്‍പരിചയവും തന്റെ ഉയര്‍ന്ന പദവിയും കാരണമാകാം സഹായിക്കുമെന്ന പ്രതീക്ഷയില്‍ സ്വപ്ന വിളിച്ചത്‌. ഒളിവില്‍ പോയശേഷം സ്വപ്‌ന തന്നെ ബന്ധപ്പെട്ടില്ലെന്നാന്ന് ശിവശങ്കര്‍ ആദ്യം മൊഴി നല്‍കിയിരുന്നത്‌.

സരിത്തും സന്ദീപും റമീസും ചേര്‍ന്ന്‌ ചതിച്ചെന്നും യുഎഇ കോൺസൽ ജനറൽ പറഞ്ഞിട്ടാണ് ബാഗേജ്‌ വിട്ടുകിട്ടാന്‍ വിളിച്ചതെന്നും സ്വപ്‌ന ആവര്‍ത്തിച്ചു. സ്വപ്‌ന ഡിലീറ്റ്‌ ചെയ്‌ത ഡിജിറ്റല്‍ രേഖകളെപ്പറ്റി ശിവശങ്കര്‍ നല്‍കിയ വിശദീകരണത്തില്‍ ചില പൊരുത്തക്കേടുണ്ടെന്നും കണ്ടെത്തി. പലകാര്യങ്ങളും ഓര്‍മയില്ലെന്നാണ് ശിവശങ്കര്‍ മറുപടി നല്‍കിയത്‌.

വ്യാഴാഴ്ച രാവിലെ 11നാണ്‌ ശിവശങ്കര്‍ കൊച്ചി കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലെത്തിയത്‌. തൊട്ടുപിന്നാലെ ജയിലില്‍നിന്ന് സ്വപ്‌നയേയും എത്തിച്ചു. സ്വപ്‌നയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറെ വീണ്ടും വിളിച്ചുവരുത്തിയത്‌. സ്വപ്‌നയേയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്‌തശേഷമാകും ശിവശങ്കറെ പ്രതിചേര്‍ക്കണോയെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.

ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ്‌ കസ്റ്റംസ്‌ തുറന്നുപരിശോധിച്ചതിന് ശേഷമാണ് സന്ദീപ്‌ നായരും സ്വപ്‌നയും ഒളിവില്‍ പോയത്‌. ഇതിനിടെ, ശിവശങ്കറുമായി നടത്തിയ വാട്സാപ്പ്, ടെലഗ്രാം ചാറ്റുകള്‍ സ്വപ്‌ന ഡിലീറ്റ്‌ ചെയ്‌തിരുന്നു. ഇതു വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. സ്വപ്‌നയുടെയും സന്ദീപ്‌ നായരുടെയും ഫോണ്‍, ലാപ്‌ടോപ്പ്‌ എന്നിവയില്‍നിന്നു 4 ടിബി ഡാറ്റയാണ് എൻഐഎ സംഘം വീണ്ടെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here