gnn24x7

പാലക്കാടിനെ പൊള്ളിച്ച്‌ താപനില 39 ഡിഗ്രി സെൽഷ്യസിൽ

0
291
gnn24x7

പാലക്കാടിനെ പൊള്ളിച്ച്‌  താപനില 39 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട്‌ മുണ്ടൂർ ഐആർടിസിയിലാണ്‌ ശനിയാഴ്‌ച രേഖപ്പെടുത്തിയത്‌. അതിനിടെ ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ രണ്ടുമുതൽ നാലുവരെ ഡിഗ്രി ചൂട്‌ കൂടുമെന്ന ജാഗ്രതാ മുന്നറിയിപ്പ്‌ ശനിയാഴ്‌ച പിൻവലിച്ചു. എന്നാൽ ചൂടിന്‌ ശമനമുണ്ടാവില്ലെന്നാണ്‌ സൂചന.  സമുദ്രതാപം ഉയർന്നതും തീരപ്രദേശങ്ങളിൽ ഈർപ്പം കൂടിയതും ഇനിയും താപനില ഉയരുമെന്നതിന്റെ  സൂചനയായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.മലമ്പുഴ അണക്കെട്ട്‌ പരിസരത്ത്‌ 37.1 ഡിഗ്രിയും പട്ടാമ്പിയിൽ 35.8 ഡിഗ്രിയുമാണ്‌ താപനില. ഐആർടിസിയിൽ വെള്ളിയാഴ്‌ച 38.4 ഉം വ്യാഴാഴ്‌ച 38 ഉം ആയിരുന്നു രേഖപ്പെടുത്തിയ ഉയർന്ന ചൂട്‌.

ഫെബ്രുവരിയിൽ തന്നെ ഇത്രയും ചൂട്‌ ഉയർന്ന സാഹചര്യത്തിൽ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഇനിയും കൂടും. കഴിഞ്ഞ വർഷം ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41 ആയിരുന്നു. 2016 ലെ കൊടുംവേനലിൽ ജില്ലയിൽ ചൂട് 41.9 ഡിഗ്രി വരെ എത്തി. ഏപ്രിൽ 26 ന് മലമ്പുഴയിലായിരുന്നു ഇത്. 2010 ലാണ് ജില്ല കണ്ട ഏറ്റവും ഉയർന്ന താപനിലയായ 42 ൽ എത്തിയത്. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം 40 ഡിഗ്രി വരെയെത്തി.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 40 ഡിഗ്രിയും മാർച്ചിൽ 41 ഡിഗ്രിയും എത്തിയിരുന്നു.

മാർച്ചിൽ പത്തു ദിവസത്തോളം തുടർച്ചയായി 40 ഡിഗ്രിയിൽ നിലനിന്നു.  ഈ വർഷവും സമാനമായ അവസ്ഥയിലേക്കാണ്‌ പോകുന്നുവെന്നാണ്‌ സൂചന. ചൂട്‌ ശമനത്തിന്‌ വേനൽമഴയിലാണ്‌ പ്രതീക്ഷ.സാധാരണ വർഷങ്ങളിൽ ഫെബ്രുവരി രണ്ടാംവാരമാണ്‌ 35 ഡിഗ്രി മറികടക്കുന്നതെങ്കിൽ ഇത്തവണ ജനുവരി ആദ്യവാരം തന്നെ തീരപ്രദേശ ജില്ലകൾ 35 ഡിഗ്രി കടന്നു. മുൻ വർഷങ്ങളിൽ ജനുവരിയും ഫെബ്രുവരിയും ശൈത്യകാലമായിരുന്നു. എന്നാൽ ഇത്തവണ ശൈത്യമുണ്ടായില്ല. കഴിഞ്ഞവർഷം  ആർട്ടിക്കിലെ കാലാവസ്ഥാ പ്രതിഭാസം താഴേക്ക്‌  വന്നതിനാൽ തണുപ്പ്‌ കൂടുതലായിരുന്നു.

ഇത്തവണ അവിടെ സാധാരണ അവസ്ഥയാണ്‌.  ഇത്തവണ തുലാവർഷം പിൻവാങ്ങിയത്‌ ജനുവരി 10നു ശേഷമാണ്‌. മുൻവർഷങ്ങളിലെല്ലാം  ഡിസംബർ 31നകം തുലാവർഷം തീരാറുണ്ട്‌.   അതുമൂലം ഡിസംബർ അവസാനംതന്നെ ചൂട്‌ തുടങ്ങി.സൂര്യാതപം ഏൽക്കാനുള്ള സാധ്യത കൂടിയ സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്‌. പകൽ 12 മുതൽ മൂന്നുവരെ വിശ്രമിക്കണമെന്നാണ്‌ നിർദേശം.  ദാഹമില്ലെങ്കിലും നിറയെ വെള്ളം കുടിക്കണം, സൂര്യാതപമേറ്റ്‌ പൊള്ളലേറ്റാൽ എത്രയും വേഗം  ചികിത്സ തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്‌. നേരത്തെതന്നെ ഉയരുന്ന ചൂടും ഫെബ്രുവരി, മാർച്ചിലെ സ്വാഭാവിക കാലാവസ്ഥയും കൂടിയാകുമ്പോൾ കനത്തചൂടുതന്നെ പ്രതീക്ഷിക്കാമെന്ന്‌ കുസാറ്റ്‌ കാലാവസ്ഥാ പഠനവിഭാഗം ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ പറഞ്ഞു.

ഇന്ത്യയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ ഇത്തവണ ചൂട്‌ കൂടുതൽ. ആർട്ടിക്കിലെ പോളാർ വർട്ടക്‌സ്‌ എന്ന തണുത്ത കാറ്റിന്റെ ചുഴി ഇത്തവണ ഇല്ല. മെഡിറ്ററേനിയൻ കടലിനുമുകളിലൂടെ കടന്നുപോകുന്ന തണുപ്പുള്ള കാറ്റ്‌ അഥവാ പടിഞ്ഞാറൻ ക്ഷോഭം ചുരുങ്ങി നിൽക്കുന്നതിനാൽ  വടക്കേ ഇന്ത്യയിൽ തണുപ്പു ലഭിക്കും. അത്‌ അവിടെ ചൂട്‌ കുറയ്‌ക്കാൻ സഹായിക്കും.- എം ജി മനോജ്‌ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here