തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വീടും പരിസരവും ശുചിയാക്കി മലയാളികള്‍. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമടക്കം സ്വന്തം വീട്ടിലിരുന്നും വീടും പരിസരവും ശുചിയാക്കിയുമാണ് ജനതാ കര്‍ഫ്യൂവില്‍ പങ്കാളികളായത്.
സംസ്ഥാനത്തുടനീളം അഗ്നിരക്ഷാസേന പൊതുയിടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ച് ശുചിയാക്കി. സിനിമാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ജനത കര്‍ഫ്യൂ പൂര്‍ണാമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടത്തില്ല.
നേരത്തെ വീട്ടില്‍ കഴിയുന്നവര്‍ ശുചീകരണം നടത്തുകയും രോഗപ്രതിരോധത്തിനുള്ള സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹനഗതാഗതം നിര്‍ത്തി വെക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ടു.
ബാറുകളും ബീവറേജസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ തുറക്കും. മാഹിയില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കില്ല.








































