കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്‍റെ ഭാഗമായി ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായി ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളിലെയും നിലവിളക്കുകൾ ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ കണക്കെടുപ്പ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ.വാസു ന്യൂസ്18 മലയാളത്തോട് പറഞ്ഞു.
‘പല അമ്പലങ്ങളിലും ആളുകൾ നടയ്ക്ക് വയ്ക്കുന്ന വിളക്കുകൾ വലിയ അളവിൽ കുന്നു കൂടി കിടക്കുകയാണ്.. വർഷങ്ങളായി ഇങ്ങനെ ലഭിക്കുന്ന വിളക്കുകൾ സൂക്ഷിക്കാൻ പോലും പലയിടങ്ങളിലും സ്ഥലമില്ല. ടൺകണക്കിന് വിളക്കുകളാണ് ഇത്തരത്തിൽ കൂടിക്കിടക്കുന്നത്. അമ്പലത്തിലെ ഉപയോഗത്തിന് വളരെ കുറച്ച് മാത്രമെ ആവശ്യം വരികയുള്ളു. അപ്പോ അമ്പലത്തിലെ ഉപയോഗത്തിനുള്ളത് എടുത്തിട്ട് ബാക്കി വിളക്കുകൾ ലേലത്തിന് വയ്ക്കാമെന്ന ഒരു ആലോചന വന്നു. ഇതിന്‍റെ പ്രാരംഭ ഘട്ടമായി കണക്കെടുപ്പ് നടത്തണം. ആ സ്റ്റോക്ക് തിട്ടപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.. ലേലം ചെയ്യുന്നതിന് മുമ്പ് കോടതിയുടെ അനുവാദം വാങ്ങണം. ഇതൊക്കെ വാങ്ങി നിയമപരമായി മാത്രമെ ബാക്കി നടപടികൾ ഉണ്ടാകു..’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
‘ലക്ഷക്കണക്കിന് വിളക്കുകൾ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതിനാൽ പല സ്ഥലത്തും ആളുകൾ വാരിക്കൊണ്ടു പോകുന്ന സ്ഥിതിയാണ്. അതുകൊണ്ട് നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ സാഹചര്യത്തിൽ കണക്കെടുപ്പ് നടത്തി ലേലം ചെയ്താൽ ദേവസ്വം ബോർഡിന് നല്ലൊരു വരുമാനം ഇതിൽ നിന്നുണ്ടാകും.. സാധാരണ ഒരു വിളക്ക് ലഭിച്ചാൽ ദേവസ്വം രജിസ്റ്ററിൽ അത് രേഖപ്പെടുത്തണമെന്നാണ്. എന്നാൽ വർഷങ്ങളായി ഇങ്ങനെ കൂടിക്കിടക്കുന്നതു കൊണ്ട് രജിസ്റ്ററിൽ പോലും ഉള്‍പ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ട് ഇവിടുന്ന് തന്നെ കൃത്യമായ കണക്കെടുപ്പ് നടത്തി അത് ഒരു മുതൽക്കൂട്ടാക്കാന്‍ കഴിയുമോ എന്നാണ് ബോർഡ് ആലോചിക്കുന്നത്. ഇതിന്‍റെ പ്രാരംഭമായുള്ള കണക്കെടുപ്പ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്’ എന്നും അദ്ദേഹം പറയുന്നു.
ബോർഡിന്‍റെ നീക്കങ്ങൾക്കെതിരെ ചെറിയ തോതിൽ എതിർപ്പുകളും ഉയരുന്നുണ്ട്. ‘ വിളക്കുകൾ ഇങ്ങനെ കൂടിക്കിടക്കുന്നതിനാൽ സൗകര്യം പോലെ ആളുകൾ വാരിക്കൊണ്ടു പോവുകയാണ്.. അതിനുള്ള ഒരു അവസരം ഇല്ലാതാകുന്നു എന്നതാണ് അവിടെയും ഇവിടെയും ഉള്ള ചില മുറുമുറുപ്പുകൾക്ക് പിന്നിലെന്നാണ് ഇതിനോടുള്ള ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം.
ഭക്തരാണോ എതിർപ്പ് എന്ന ചോദ്യത്തിന് ഭക്തിയുടെ അളവൊന്നും നമുക്ക് നിശ്ചയിക്കാനൊക്കില്ലല്ലോ ഭക്തരുടെ പേരിലാണ് ചില എതിർപ്പുകൾ.. വാര്‍ത്തകളുടെ പിന്നിലും അവരാണ് എന്നായിരുന്നു മറുപടി.’നമ്മൾ സദുദ്ദേശത്തോടെ ചെയ്യുന്ന കാര്യമാണ്.. ദേവസ്വം ബോർഡിന്‍റെ അന്യാധീനപ്പെട്ടു പോകുന്ന മുതൽ ഉപകാരയോഗ്യമാക്കി മാറ്റുക.. അത് കൃത്യമായി നിയമപ്രകാരം കോടതിയുടെ അനുമതിയോട് കൂടി മാത്രമെ ചെയ്യുകയുള്ളു..’ അദ്ദേഹം വ്യക്തമാക്കി..ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞു കൂടിയ നിലയിലാണ്. പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് അധിക ബാധ്യതയാണ്. ആ സാഹചര്യത്തിലാണ് നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് ഇവയെല്ലാം ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നത്. ടൺ കണക്കിന് വരുന്ന നിലവിളക്കുകളും പാത്രങ്ങളും വിൽക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാമെന്നാണ് പ്രതീക്ഷ.
കോവിഡ് വ്യാപനത്തിന്‍റെയും തുടർന്നുണ്ടായ ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. വലിയ സാമ്പത്തിക നഷ്ടമാണ് പുതിയ സാഹചര്യം വരുത്തി വച്ചിരിക്കുന്നത്. ഇത് അതിജീവിക്കാനാണ് ദേവസ്വം ബോർഡ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നത്.







































