gnn24x7

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി

0
265
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

മടങ്ങി വരുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറന്റൈന്‍ കാലയളവില്‍ സഹായിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രവാസികളോട് കേന്ദ്രസര്‍ക്കാരിനുള്ള മനോഭാവമല്ല സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളം ആയിരം കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. അഞ്ഞൂറ് കോടിയുടെ രണ്ട് വായ്പകളാണ് അഞ്ചര ശതമാനം പലിശക്കും ആറര ശതമാനം പലിശക്കും എടുത്തത്. കടപത്രലേലത്തിലൂടെയാണ് വായ്പ എടുത്തതെന്നും ധനമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് ലോട്ടറി വില്‍പന മെയ് 18 മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ക്ക് വായ്പയായി നല്‍കും. ജൂണ്‍ ഒന്നിനായിരിക്കും ആദ്യത്തെ നറുക്കെടുപ്പ് നടക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ധനമന്ത്രി പറഞ്ഞു.

നിയമപരമായി ചെയ്യാന്‍ കോടതി പറഞ്ഞു സര്‍ക്കാരത് ചെയ്തു. ജീവനക്കാരുടെ ശമ്പളം ഉത്തരവിറക്കി കുറക്കുന്നതിനെ സര്‍ക്കാരും എതിര്‍ക്കുകയാണ്, ശമ്പളം മാറ്റി വയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതതെന്നും ധനമന്ത്രി പ്രതികരിച്ചു.

നിശ്ചിത കാലത്തേക്ക് ശമ്പളം മാറ്റിവെക്കാനുള്ള അധികാരം മാത്രമാണ് സര്‍ക്കാര്‍ എടുത്തത്. പക്ഷെ കേസ് കൊടുക്കാന്‍ പോയവര്‍ മുഖം മൂടി മാറ്റിവെക്കണം. അവരുടെ രാഷ്ട്രീയ പക്ഷപാതിത്വം ജനം കാണേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു.

നാട് ഒറ്റക്കെട്ടായി നടത്തുന്ന കൊവിഡ് പ്രതിരോധത്തെ തുരങ്കം വക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here