പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതു കൊണ്ടാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.
വാളയാർ കേസിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ പെൺകുട്ടികളുടെ അമ്മ സത്യഗ്രഹ സമരത്തിലായിരുന്നു. എന്നാൽ ഇതുവരെ സർക്കാർ യാതൊരു ചർച്ചയും നടത്താൻ തയ്യാറായില്ല. ഇതേ തുടർന്നാണ് അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.
പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രക്കാനം, സാമൂഹ്യ പ്രവർത്തക ബിന്ദു കമലൻ എന്നിവരും തലമുണ്ഡനം ചെയ്തു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കുമെന്നും, ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.