തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറക്കുന്നു. നവംബർ 15ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2.72 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ മേൽപ്പാല നിർമ്മാണം പക്ഷേ കൊവിഡ് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ടതോടെ ഇഴയുകയായിരുന്നു. കഴിഞ്ഞ തവണ നിർമാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ കേരളപ്പിറവി ദിനത്തിൽ എലിവേറ്റഡ് ഹൈവേ തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.